Thursday 26 January 2012

പരാജയം നേരിടാനുള്ള ധൈര്യം




എട്ടു വയസുകാരനായ ഗില്‍ബര്‍ട്ട് അംഗമായിരുന്ന ക്ലബ് ഒരിക്കല്‍ കുട്ടികള്‍ക്കു വേണ്ടി കാറോട്ട മത്സരം നടത്താന്‍ തീരുമാനിച്ചു. 

മത്സരം യഥാര്‍ത്ഥ കാറുകള്‍ കൊണ്ടുള്ളതല്ല; പക്ഷേ കുട്ടികള്‍ ഉണ്ടാക്കുന്ന കാറുകള്‍ കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
സംഘാടകര്‍ മത്സരാര്‍ത്ഥികള്‍ക്ക്, നാല് ടയറും മറ്റ് അനുബന്ധ ‘ഭാഗങ്ങളും അടങ്ങിയ കാര്‍ കിറ്റുകളും വിതരണം ചെയ്തു. 

കാറിന്റെ ബോഡി തടി ഉപയോഗിച്ച് ഉണ്ടാക്കാം. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കുറിപ്പും കിറ്റിനൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സഹായം തേടാനുള്ള സ്വാതന്ത്യവും നല്‍കി.
ഗില്‍ബര്‍ട്ട് മത്സരത്തിനുള്ള കാര്‍ ഉണ്ടാക്കാന്‍ തിരക്കിട്ട് വീട്ടിലെത്തി. സഹായത്തിന് ഡാഡിയെ സമീപിച്ചു. പക്ഷേ അവന്റെ ഡാഡി വലിയ താല്പര്യം കാണിച്ചില്ല. 

ഇത്തരം പരിപാടികള്‍ വെറുതെ സമയം കൊല്ലിയാണെന്നായിരുന്നു പുള്ളിക്കാരന്റെ അഭിപ്രായം. ഗില്‍ബര്‍ട്ടിനോട് അത് പറയുകയും ചെയ്തു. ഗില്‍ബര്‍ട്ടിന് നിരാശ തോന്നി. എങ്കിലും അവന്‍ ശ്രമം ഉപേക്ഷിച്ചില്ല. അവന്‍ അമ്മയെ സമീപിച്ചു. അമ്മ സഹായിക്കാമെന്നേറ്റത് അവന് വലിയ ആശ്വാസമായി.
 ആശാരിപ്പണി വശമില്ലെങ്കിലും ഉളിയും കൊട്ടുവടിയുമൊക്കെ ഉപയോഗിച്ച് പണി തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പ്രകാരം കാറിന്റെ പണി പൂര്‍ത്തിയാക്കി. പോളീഷ് ചെയ്ത് അവരത് മനോഹരമാക്കി.

പ്രതീക്ഷയോടെ കാത്തിരുന്ന മത്സര ദിവസം സമാഗതമായി. മത്സരാര്‍ത്ഥികള്‍ സ്വയം നിര്‍മ്മിച്ച കാറുമായി എത്തി.

 മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്താല്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ മോശമായിരുന്നു. ചിലരൊക്കെ കളിയാക്കുകയും ചെയ്തു. ഒന്ന് മറ്റൊന്നിനോട് എന്ന രീതിയിലായിരുന്നു മത്സരം. വിജയി അടുത്ത ആളോട് മത്സരിക്കണം. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കാറുകള്‍ ഒരു ലൈനില്‍ വെച്ച് മുന്നോട്ട് തള്ളി വിടണം. ഫിനിഷിംഗ് പോയിന്റില്‍ ആദ്യമെത്തുന്ന കാര്‍ വിജയിക്കും.
കുട്ടികളെല്ലാം അവരുടെ രക്ഷിതാക്കളോടൊപ്പമാണ് മത്സരത്തിനെത്തിയിരിക്കുന്നത്. ഗില്‍ബര്‍ട്ടിനൊപ്പം അവന്റെ അമ്മ മാത്രം. ഡാഡിയുടെ അഭാവത്തില്‍ കൂടുതല്‍ ധൈര്യം മുഖത്ത് കാണിക്കാന്‍ അവന്‍ ശ്രമിച്ചു.
മത്സരം ആരംഭിച്ചു. ‘ഭാഗ്യം ഗില്‍ബര്‍ട്ടിനൊപ്പമായിരുന്നു. അവന്‍ തന്റെ എതിരാളികളെ ഓരോരുത്തരെയായി പരാജയപ്പെടുത്തി ഫൈനലില്‍ എത്തി. 

അവസാന മത്സരത്തിന്റെ സമയമായപ്പോള്‍ ഗില്‍ബര്‍ട്ട് റെഫറിയോട് പറഞ്ഞു.
 ” ദയവായി എനിക്ക് ഒരു മിനിറ്റ് തരണം. എനിക്കൊന്ന് പ്രാര്‍ത്ഥിക്കണം.” റെഫറി അനുവദിച്ചു. അവന്‍ മുട്ടുകുത്തി നിന്ന് കൈകള്‍ കൂപ്പി 90 സെക്കന്റ് പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കുശേഷം അവന്‍ പറഞ്ഞു. ‘ ഞാന്‍ റെഡിയാണ്. നമുക്ക് മത്സരം തുടങ്ങാം.””
വിസില്‍ മുഴങ്ങി. സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ നിന്നും ആകുന്നത്ര ശക്തിയോടെ തന്റെ കാര്‍ ഗില്‍ബര്‍ട്ട് മുന്നോട്ട് തള്ളിവിട്ടു. 

എല്ലാവരും ആകാംക്ഷയോടെ നോക്കി നില്‍ക്കെ എതിരാളിയെ പിന്നിലാക്കി ഗില്‍ബര്‍ട്ടിന്റെ കാര്‍ ഫിനിഷിംഗ് പോയിന്റില്‍ എത്തി. ഗില്‍ബര്‍ട്ട് കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി പറഞ്ഞു ‘’ ദൈവമേ നന്ദി’’.
സമ്മാനദാന ചടങ്ങില്‍, സ്‌കൗട്ട് മാസ്റ്റര്‍ ഗില്‍ബര്‍ട്ടിനോട് ചോദിച്ചു. 

‘’മത്സരത്തില്‍ ജയിക്കാന്‍ നീ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഇല്ലേ? അപ്പോല്‍ ഗില്‍ബര്‍ട്ട് പറഞ്ഞു. ‘’ ഇല്ല, ഇല്ല. അത് ഒരിക്കലും ന്യായമല്ലല്ലോ.
 തോറ്റാല്‍ കരയാതിരിക്കാന്‍ ശക്തി തരണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. 

No comments:

Post a Comment