Tuesday 10 September 2013

തുറന്നു പറഞ്ഞോളൂ.......

നവാബ്‌ രാജേന്ദ്രന്റെ 10-ാ ചരമ വാര്‍ഷികത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും Face Book ല്‍ വന്ന എന്റെ പോസ്‌റ്റിന്‌ കിട്ടിയ ചില പ്രതികരണങ്ങള്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടു വരാനാണ്‌ ഈ കുറിപ്പ്‌.

1. സര്‍, ജയറാം പടിക്കല്‍ എന്ന പോലീസുകാരന്‍ കെ. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിനു വേണ്ടി പിച്ചിച്ചീന്തിയതാണ്‌ നവാബ്‌ രാജേന്ദ്രന്റെ ജീവിതം.

2. നവാബ്‌ രാജേന്ദ്രനെ റോള്‍ മോഡലായി കണ്ട്‌ സമൂഹത്തിലെ അനീതികള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവനാണ്‌ ഞാന്‍. പക്ഷേ എനിക്ക്‌ ഭാര്യയും രണ്ട്‌ കുട്ടികളുമുണ്ട്‌. ഭരണവര്‍ഗ്ഗം പണ്ടത്തേതിനേക്കാള്‍ അഴിമതി നിറഞ്ഞതും അഴിമതി മറച്ചു പിടിക്കാന്‍ ജയറാം പടിക്കല്‍മാരെയല്ല സാക്ഷാല്‍ ക്വൊട്ടേഷന്‍ സംഘങ്ങളെ വരെ ഉപയോഗിക്കാന്‍ മടിയില്ലാത്തവരുമാണ്‌. പിന്നെ ഞാനെന്തു ചെയ്യും ?

3. "അപ്പകോലെലി ഭക്ഷിച്ചാല്‍ അപ്പത്തിന്‍ കഥയെന്ത്‌? "എന്ന്‌ കവി പാടിയപോലെ വിപ്‌ളവത്തിന്റെ ഹോള്‍സോയില്‍ റിട്ടെയില്‍ പാര്‍ട്ടികള്‍ പോലും നയവ്യതിയാനം വരുത്തിയപ്പോള്‍ ഇനി ആരിലാണ്‌ നമുക്ക്‌ പ്രതീക്ഷ .

4 . സര്‍ മുമ്പ്‌ ഒരു സുഹൃത്ത്‌ ചൂണ്ടിക്കാണിച്ച കുടുംബ പ്രരാബ്ദങ്ങളൊന്നുമില്ലാത്ത പടിക്കല്‍മാര്‍ക്കും ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്കും എളുപ്പത്തില്‍ കീഴടക്കാന്‍ പറ്റാത്ത സെറ്റപ്പുമുള്ള ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്‌. ഒരര്‍ത്ഥത്തില്‍ മനുഷ്യാവകാശ സംരക്ഷണ ദൗത്യം ഏറ്റെടുക്കാന്‍ ഏറ്റം യോഗ്യരുമാണവര്‍. അതിനുള്ള അറിവും വിദ്യാഭ്യാസവുമുള്ളവര്‍. അത്‌ മറ്റാരുമല്ല കത്തോലിക്കാ വൈദികര്‍ തന്നെ.

5. എന്റെ ചേട്ടാ അതൊക്കെ ശ്ശി ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നാല്‍ ഭരണാധികാരികള്‍ക്കതിരെ ശബ്ദമുയര്‍ത്തുക എന്നാണ്‌. ഭരണാധികാരത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്‌ പലവിധ നഷ്ടങ്ങള്‍ക്കും കാരണമാകും. നിക്ഷേപം ഈ ലോകത്തല്ല പരലോകത്താണ്‌ വേണ്ടത്‌ എന്ന പ്രമാണം വിശ്വാസികള്‍ക്ക്‌ മാത്രമുള്ളതാണ്‌.

6. ഈ സഹോദരന്റെ അഭിപ്രായത്തോട്‌ ഞാനും യോജിക്കുന്നു. കാരണം ഭൗതിക ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ മാത്രമേ സഭക്ക്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനാവൂ. അങ്ങനെ വല്ല ചിന്തയും നമ്മുടെ മതനേതാക്കള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ നാട്‌ എന്നേ സ്വര്‍ഗ്ഗമായേനെ. ഒരു ഉദാഹരണം മാത്രം എടുക്കാം. കത്തോലിക്കാ വിശ്വാസികളുടെ പതിവ്‌ വ്യായാമമാണല്ലോ കുമ്പസാരം. ഈ കുമ്പസാരത്തിനൊടുവില്‍ കൊടുക്കുന്ന പ്രായശ്ചിത്തം റോഡിലെ രണ്ടു കുഴിയടക്കാനാകട്ടെ. അല്ലെങ്കില്‍ ജീവിതഗന്ധിയായ മറ്റെന്തെങ്കിലുമാകട്ടെ.

കൂടുതല്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരട്ടെ. കുറഞ്ഞപക്ഷം അഭിപ്രായ പ്രകടനങ്ങളെങ്കിലും നടക്കട്ടെ......................


No comments:

Post a Comment