Sunday 4 March 2012

രക്ഷിതാക്കളറിയാന്‍ സീന്‍ - 4


''നൊന്തുപെറ്റ വയറിന് വേദന കൂടുതലുണ്ട്. അതൊന്നും നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ക്കു പറഞ്ഞാല്‍ മനസിലാവില്ല.'' 

മഞ്ജു മാതൃസ്‌നേഹത്തിന്റെ മഹത്വം വെളിപ്പെടുത്തി.
''മഞ്ജു,'' ചെറിയാന്‍ മാഷ് പറഞ്ഞുതുടങ്ങി. ''ഞങ്ങള്‍ സഹോദരങ്ങള്‍ പത്തുപേരാണ്. അക്കാലത്തു ഭൂരിഭാഗം വീടുകളിലും എട്ടും പത്തും കുട്ടികളുണ്ടായിരുന്നു. എന്നിട്ടുമെന്തേ അന്നത്തെ അമ്മമാര്‍ക്ക് നിങ്ങളേപ്പോലെ ടെന്‍ഷനില്ലാതിരുന്നത് ?''
ശരിയാണല്ലോ. മഞ്ജു ചിന്തിച്ചു. തന്റെ വീട്ടിലും ആറുപേരുണ്ട്. 

കുട്ടികളുടെ പഠനത്തെക്കുറിച്ചോ ഭാവിയെക്കുറിച്ചോ മാതാപിതാക്കള്‍ ഉത്കണ്ഠപ്പെട്ടു കണ്ടിട്ടില്ല. കുട്ടികള്‍ക്കും വലിയ ഉത്കണ്ഠകളില്ല.
മാഷ് തുടര്‍ന്നു: ''ജീവിതം ഒരു പോരാട്ടമാണെന്ന് അന്നത്തെ കുട്ടികള്‍ മനസിലാക്കിയിരുന്നിരിക്കാം. സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂല മാക്കാനും പ്രതിസന്ധികളെ നേരിടാനും സഹോദരങ്ങളുമൊത്തുള്ള വാസം അവരെ പ്രാപ്തരാക്കി.''
''അന്നൊക്കെ അവനവന്റെ കാര്യം അവനവന്‍ നോക്കണമായിരുന്നു.'' 

റോണി പഴയകാലം ഓര്‍ത്തുപോയി.
''അതെ,'' മാഷ് പറഞ്ഞു, ''അദ്ധ്വാനികളായിരുന്ന മാതാപിതാക്കള്‍ക്ക് അന്നന്നത്തെ അപ്പം തേടുന്ന തിരക്കിനിടയില്‍ കുട്ടികളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സമയം ലഭിച്ചിരുന്നില്ല. ഇളയകുട്ടികളെ വളര്‍ത്തിയിരുന്നതുപോലും മുതിര്‍ന്നവരാണ്. 

അതുമാത്രമല്ല കൃഷിപ്പണിയിലും അടുക്കളപ്പണിയിലും മാതാപിതാക്കളെ കുട്ടികള്‍ സഹായിക്കണമായിരുന്നു. ഫലമോ ? അടുക്കളപ്പണിയിലും കൃഷിപ്പണിയിലും പരമ്പരാഗത കരകൗശലപ്പണികളിലും കുട്ടികള്‍ പ്രാഗല്ഭ്യം നേടി.''
''വിറകു വെട്ടാനും വെള്ളം കോരാനും അരി ആട്ടാനും മരം കയറാനും വയറിംഗ് നടത്താനും ഞാനൊക്കെ പഠിച്ചത് ഇങ്ങനെയാണ്.'' റോണി പറഞ്ഞു.
''കൊട്ടും കുരവയുമായി നാം നടപ്പാക്കിയ DPEP വിദ്യാഭ്യാസ രീതിയായിരുന്നു പഴയകാലത്ത് കുടുംബങ്ങളില്‍ നിലനിന്നിരുന്നത്. കൊണ്ടും കൊടുത്തും കണ്ടും കേട്ടും തൊട്ടും രുചിച്ചും കാര്യങ്ങള്‍ മനസിലാക്കിയിരുന്നു കുട്ടികള്‍.'' മാഷ് തുടര്‍ന്നു.
''കാലത്തിന്റെ കുത്തൊഴുക്കില്‍ സമയത്തിന്റെ തികവില്‍ കുടുംബങ്ങളുടെ വലുപ്പം കുറഞ്ഞു. അണുകുടുംബങ്ങള്‍ എന്നറിയപ്പെടുന്ന ചെറുകുടുംബങ്ങളില്‍ അപ്പനും അമ്മയും ഒന്നോ രണ്ടോ കുട്ടികളും മാത്രം. പഴയ ഭവനാന്തരീക്ഷം തന്നെ മാറി. ആറു വയസുവരെ മുത്തച്ഛ ന്റെയും മുത്തശ്ശിയുടെയും കഥകള്‍ കേട്ടു നടന്നിരുന്ന ബാല്യ കാലം നഴ്‌സറി, എല്‍.കെ.ജി ക്ലാസുകള്‍ക്കു വഴിമാറി. കുട്ടികളുടെ എണ്ണ ക്കുറവ് അവര്‍ക്കു ലഭിക്കുന്ന ശ്രദ്ധയുടെ തോതു വര്‍ദ്ധിപ്പിച്ചു. അത
വരില്‍ പരാശ്രയത്വം സൃഷ്ടിച്ചു. പ്രശ്‌നങ്ങളെയും വെല്ലുവിളി
കളെയും സധൈര്യം നേരിടാനുള്ള ആത്മവിശ്വാസം കുട്ടികള്‍ക്കു നഷ്ടപ്പെട്ടു. അങ്ങനെ അവര്‍ എന്തിനും ഏതിനും ടെന്‍ഷന്‍ അനുഭവിക്കുന്നവരായി മാറി. അല്ലെങ്കില്‍ മാറ്റി.''
''മാഷ് പറയുന്നത് ശരിതന്നെ. പക്ഷേ, മക്കളുടെ കാര്യം മാതാപിതാക്കളല്ലാതെ വേറെയാരു നോക്കും ?'' മഞ്ജു ചോദിച്ചു.
''മാതാപിതാക്കള്‍ മക്കളുടെ കാര്യം നോക്കേണ്ടന്നു ഞാന്‍ പറഞ്ഞില്ല. അമിതശ്രദ്ധയും അനാവശ്യമായ ഉത്കണ്ഠയും അനാരോഗ്യകരമായ അവകാശബോധവും ഒഴിവാക്കിയാല്‍ ഉത്കണ്ഠയും പിരിമുറുക്കവും ഇല്ലാത്ത ഒരു ജീവിതം നയിക്കാം എന്നു മാത്രം.'' മാഷ് തുടര്‍ന്നു:


''നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. 
ഇന്ന് ആരാധനാലയങ്ങളിലെല്ലാം ഭയങ്കര തിരക്കാണ്. നിലവിലുള്ള ദൈവങ്ങള്‍ക്കു പുറമേ എത്ര മനുഷ്യദൈവങ്ങളാണ് ആരാധകരാല്‍ വണങ്ങപ്പെടുന്നത്.
 ഇതൊക്കെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഈശ്വരവിശ്വാസത്തിന്റെ അടയാളമാണോ അതോ കുറ്റബോധത്തിന്റെയും ഉത്കണ്ഠയുടേതുമോ ?
 ഈശ്വരവിശ്വാസത്തിന്റെ അടയാളമെങ്കില്‍ പിന്നെന്തേ നമ്മുടെ സമൂഹത്തില്‍ ടെന്‍ഷന്‍ കുറയുന്നില്ല ? ഒരു യഥാര്‍ത്ഥ ഈശ്വര വിശ്വാസി നിശ്ചയമായും ടെന്‍ഷന്‍ ഇല്ലാത്തവനായിരിക്കണ്ടേ ? അല്ലാത്തവന്‍ കപടവിശ്വാസിയല്ലേ ? 
സംഭവിക്കുന്നതെല്ലാം ഈശ്വരനിശ്ചയപ്രകാരമെന്നു വിശ്വസിക്കുന്ന വിശ്വാസി ഈ നിശ്ചയത്തില്‍ ഉത്കണ്ഠപ്പെടുന്നത് ഈശ്വരനിന്ദയല്ലേ ?
''നിങ്ങള്‍ ബസില്‍ യാത്ര ചെയ്യാറില്ലേ ? വേഗത്തില്‍ പോകുന്ന വാഹനം എതിരേ വരുന്ന വാഹനത്തില്‍ ഇതാ ഇടിച്ചേക്കും എന്നോ, പെട്ടെന്ന് ടയര്‍ ഊരിപ്പോയാല്‍ എന്തു സംഭവിക്കുമെന്നോ, 

ഇറക്കം ഇറങ്ങി വരുന്ന വാഹനത്തിന്റെ ബ്രേക്ക് ഇപ്പോള്‍ പോയാല്‍ എന്തു സംഭവിക്കുമെന്നോ ഒക്കെയുള്ള ടെന്‍ഷനോടെ ഇരുന്നാല്‍ ആ യാത്രയില്‍ നിങ്ങള്‍ക്ക് ഒരു മനഃസമാധാനവും ഉണ്ടാകില്ല.''
''ശരിയാ... എനിക്കു ചെറുപ്പത്തില്‍ വണ്ടിയില്‍ കയറുമ്പോള്‍ ഇതേ പേടികളായിരുന്നു,'' റോണി പറഞ്ഞു.
തുടരും.....

No comments:

Post a Comment