Wednesday 7 March 2012

എന്ത് ചെയ്യാം.?


പുണ്യചരിതനായിരുന്ന പല്ലാട്ടുകുന്നേല്‍ പി,സി അബ്രാഹം നിര്യാതനായി. കേരള സഭാ താരം,നൂറ്റാണ്ടിന്റെ അത്മായ പ്രേക്ഷിതന്‍,കേരള സഭാരത്‌നം എന്നീ ബഹുമതികള്‍ തേടിയെത്തിയ അത്മായന്‍.
പദവികളും സ്ഥാനമാനങ്ങളും മോഹിക്കാതെ വിനയവും ലാളിത്യവും മുഖമുദ്രയാക്കി, താന്‍ പ്രഘോഷിച്ച മൂല്യങ്ങള്‍ സ്വന്തം ജീവിതമൂല്യമാക്കിയ ആത്മീയ വിപഌവകാരി. മിഷന്‍ലീഗ് എന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ആയിരക്കണക്കിന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നിരവദി ബിഷപ്പുമാര്‍ക്കും ആന്മീയ പ്രചോദനമായ അത്മായ ശ്രേഷ്ഠന്‍.
ഇതെല്ലാം കുഞ്ഞേട്ടന്‍ എന്ന വ്യക്തിയുടെ വിശേഷണങ്ങളാണ്.84-ാം വയസ്സിലും പ്രേക്ഷിത പ്രവര്‍ത്തനവുമായി ഓടി നടന്ന അദ്ദേഹത്തെ 2009 ആഗസ്റ്റ് 2 ന് ചങ്ങനാശ്ശേരിയില്‍ വെച്ചുണ്ടായവാഹനാപകടത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം ബോധരഹിതനായി ആശുപത്രിയില്‍ കിടന്ന കുഞ്ഞേട്ടന്‍ ആഗസ്റ്റ് 11 ന് യാത്രയായി. കുഞ്ഞേട്ടന്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കേരളത്തിലെ മുഖ്യധാരാ ദിനപ്പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഒരു വാര്‍ത്തയായിരുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്റെ അപകട വാര്‍ത്തയറിഞ്ഞ ഉടന്‍ ബിഷപ്പുമാരും ആര്‍ച്ചു ബിഷപ്പുമാരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. സ്വന്തം നാട്ടുകാര്‍ പോലും അദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ മരണശേഷമാണെന്ന് തോന്നുന്നു.
ആഗസ്റ്റ് 12 ന് കുഞ്ഞേട്ടന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ കാരിത്താസ് ആശുപത്രിയില്‍ നിന്നാരംഭിച്ച് വൈകിട്ട് ചെമ്മലമറ്റത്തുള്ള സ്വഭവനത്തില്‍ എത്തിച്ചേരുന്നതുവരെ പള്ളികളിലും വഴിയോരങ്ങളിലും അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്ത് നിന്ന ബിഷപ്പുമാരും , വൈദികരും ,കന്യാസ്ത്രീകളും സാധാരണ മനുഷ്യരും കേരളസഭാ അത്മായ ചരിത്രത്തില്‍ പുതുമയുള്ള കാഴ്ചയായിരുന്നു.
കാരിത്താസില്‍ - ആര്‍ച്ച്ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി, അതിരമ്പുഴയില്‍ മാര്‍ ജോസഫ് പവ്വത്തില്‍ , മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തൈക്കത്തേച്ചേരില്‍ കിടങ്ങൂരില്‍, മാര്‍ മാത്യു മൂലേക്കാട്ട് ചേര്‍പ്പുങ്കലില്‍
പാലാ ശാലോം,പാലാ കുരിശുപള്ളി, മാതൃഭവന്‍, പിന്നെ ഭരണങ്ങാനം പള്ളിയില്‍ മോണ്‍. പീറ്റര്‍ തുരുത്തിക്കോണം, ദീപ്തിയില്‍ മാര്‍ ജോണ്‍ പെരുമററം, അരുവിത്തുറയില്‍ തിരുവല്ല മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് വീട്ടില്‍ മാര്‍ ഡോമിനിക്ക് കോക്കാട്ട്, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം
പക്ഷേ വഴിയിലൊരിടത്തും പാലായിലെ ബിഷപ്പുമാരെ ഞാന്‍ കണ്ടില്ല.
കുഞ്ഞേട്ടനെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തില്‍ ഞാനുമുണ്ടായിരുന്നു. പണ്ട് മിഷന്‍ലീഗ് രൂപീകരിക്കാന്‍ ഞങ്ങളുടെ ഇടവകയില്‍ വന്നത് ഈ കുഞ്ഞേട്ടനായിരുന്നു.പ്രായത്തിന്റെ പരിണാമത്തില്‍ സംഘടന വിട്ട ഞാന്‍ ഇപ്പോള്‍ ഒരു ഭക്ത സംഘടനയിലും അംഗമല്ല. എന്നിട്ടും എന്തോ കുഞ്ഞേട്ടന്റെ അന്ത്യയാത്രയില്‍ അനുഗമിക്കണമെന്ന് തോന്നിപ്പോയി.
കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നും കുഞ്ഞേട്ടനെ ഒരുനോക്കു കാണാന്‍ എത്തിച്ചേരുന്ന വിശ്വാസികള്‍ എന്നെ അത്ഭുതപ്പെടുത്തി. ്അധികാരവും ചെങ്കോലുമില്ലാതിരുന്ന ഒരു സാധാരണ മനുഷ്യന്‍ എത്രയധികമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
നിരവധി ബിഷപ്പുമാരും വൈദികരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ടിക്കുന്നു. നേരം ഏറെയായിട്ടും പാലാ രൂപതയിലെ ബിഷപ്പുമാരെ കാണാതിരുന്നപ്പോള്‍ അടുത്തുകണ്ട ഒരാളോട് ഞാന്‍ കാര്യം തിരക്കി. ബിഷപ്പ് സ്ഥലത്തില്ലെന്നും വലിയ ബിഷപ്പിന് അവശതയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പിന്നേ അരമനയുടെ തൊട്ടുള്ള ശാലോമിലോ പാലാ കുരിശുപള്ളി കവലയിലോ എത്താന്‍ വയ്യാത്ത അവശതയൊന്നും അങ്ങേര്‍ക്കില്ല' .മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
'ഏയ്... അതൊന്നുമല്ല കാര്യം.' കണ്ടാല്‍ ഒരു ചൂടനായ ചേട്ടന്‍ കേസ് പിടിച്ചു. ' ഈ പാവം എന്തൊക്കെ സഹിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കൊന്നുമറിയില്ല.' അദ്ദേഹം തുടര്‍ന്നു. 'ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ബിഷപ്പായിരുന്ന കാലത്താണ് ചൂണ്ടച്ചേരി എഞ്ചി. കോളേജ് ആരംഭിച്ചത്. അന്ന്്് കോളേജ് ഹോസ്റ്റലായി നിശ്ചയിച്ചത് മിഷന്‍ലീഗ് മാതൃഭവനായിരുന്നു. വിവരമറിഞ്ഞ് മിഷന്‍ലീഗ് ഭാരവാഹികളുമായി കുഞ്ഞേട്ടന്‍ ബിഷപ്പിനെ കാണാന്‍ അരമനയിലെത്തി. താന്‍ ചോര നീരാക്കി കെട്ടിപ്പടുത്ത സ്ഥാപനം ഹോസ്റ്റലാക്കുന്നതിന്റെ വേദന ബിഷപ്പിനെ അറിയിച്ചു. എഴുതിയതെഴുതി എന്ന പീലാത്തോസ് വചനംപോലെ തീരുമാനിച്ചത് തീരുമാനിച്ചതാ എന്ന് ബിഷപ്പ് പറഞ്ഞു.ധാര്‍ഷ്ട്യം നിറഞ്ഞ ഈ മറുപടി കേട്ട് മനസ്സ് വേദനിച്ചപ്പോഴും മിഷന്‍ലീഗ് പ്രവര്‍ത്തനം എവിടെ നടത്താന്‍ പറ്റും എന്ന ഉത്ക്കണ്ഠയായിരുന്നു കുഞ്ഞേട്ടന്. കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ കുഞ്ഞേട്ടനുള്‍പ്പെടെയുള്ളവരെ മുറിയില്‍ നിന്നും ഇറക്കിവിട്ടു.'
' പക്ഷേ ഹോസ്റ്റല്‍ ഇപ്പോള്‍ അവിടെയല്ലല്ലോ?'' ഞാന്‍ ഇടക്കു കേറി ചോദിച്ചു.
' പാലാ അരമനയില്‍ നിന്നും തന്നെ ഗറ്റൗട്ട് അടിക്കുമെന്ന് കുഞ്ഞേട്ടന്‍ ഒരിക്കലും വിചാരിച്ചില്ല. ദുഖിതനായ അദ്ദേഹം കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തിലിനെ കണ്ട് വിവരം പറഞ്ഞു. കേട്ടതേ അദ്ദേഹം പാലായിലേക്ക് ഒരു വിളി. തീരുമാനവും മാറി.' ചേട്ടന്‍ ഒന്നു നിര്‍ത്തി.
ആളെക്കണ്ടാല്‍ ചുടനാണെന്നു തോന്നുമെങ്കിലും ചേട്ടന്‍ പറയുന്ന കാര്യങ്ങളിലെ ആധികാരികത എന്നെ ആകര്‍ഷിച്ചു. ഒരൊഴിഞ്ഞ മൂലയില്‍ കസേരയിട്ട് ഞങ്ങള്‍ ഇരുന്നു. അദ്ദേഹം പിന്നേയും സംസാരിച്ചു തുടങ്ങി.
'നിങ്ങള്‍ക്കറിയുമോ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ പാലാ രൂപതയില്‍ നിന്ന് പലരും രുപതയുടെ ചെലവില്‍ റോമിന് പോയി. അങ്ങനെ പോകുന്നവരുടെ ലിസ്റ്റില്‍ കുഞ്ഞേട്ടന്റെ പേര് കാണാതിരുന്നത് ശ്രദ്ധയില്‍പെട്ട ഒരു ബിഷപ്പ് , കുഞ്ഞേട്ടനോട് , റോമില്‍ പോകുന്നില്ലേ എന്ന് ചോദിച്ചു. പോകണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷേ പണമില്ല എന്നായിരുന്നു മറുപടി. ഞാന്‍ വീടിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല അതുകൊണ്ട് മക്കളോട് ചോദിക്കില്ല എന്നുകൂടി പറഞ്ഞു.
ആ ബിഷപ്പും സ്േനഹിതരും സമാഹരിച്ചുകൊടുത്ത പണത്തിനൊപ്പം തന്റെ അവാര്‍ഡ് തുകയും കൂടി ചേര്‍ത്ത് അദ്ദേഹം റോമിന് പോയി.' ചേട്ടന്റെ തൊണ്ടയിടറി.
വി. അല്‍ഫോന്‍സാമ്മയുടെ ജിവിതത്തിലെ വേദന നിറഞ്ഞ ദിവസങ്ങളില്‍ ആശ്വാസം പകര്‍ന്നിരുന്നത് ഭരണങ്ങാനം മഠത്തില്‍ ചാമ്പങ്ങ പറിക്കാന്‍ വന്നിരുന്ന അടുത്ത സ്‌കൂളിലെ കുസൃതിക്കുടുക്കകളായിരുന്നെന്ന് കേട്ടിട്ടുണ്ട്. അവരിലൊരാളായിരുന്നു കുഞ്ഞേട്ടന്‍.
'നാമകരണ ചടങ്ങ് നടക്കുന്ന വേദിയില്‍, ഒരു കോണില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കുഞ്ഞേട്ടന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചപ്പോള്‍ മാര്‍പ്പാപ്പയോടൊപ്പം അള്‍ത്താരയിലേക്ക് നീങ്ങിയ നിരയില്‍ തിരിയേന്തിയ മൂന്നു പേരുണ്ടായിരുന്നു.ഒന്ന് സിസ്റ്റര്‍ സീലിയ മറ്റൊന്ന് വടക്കേലച്ചന്‍ രണ്ടും അര്‍ഹതപ്പെട്ടവര്‍. പക്ഷേ മൂന്നാമന്‍ അത്മായ പ്രതിനിധിയായി ശ്രീ. കെ.എം മാണി. ആര്‍ക്കായിരുന്നു അതിന് അര്‍ഹതയുണ്ടായിരുന്നത് ?. കുഞ്ഞേട്ടന് മാത്രം ഈ കിടക്കുന്ന കുഞ്ഞേട്ടനു മാത്രം' അദ്ദേഹത്തിനു രോഷം നിയന്ത്രിക്കാനായില്ല.
' പണത്തിനു മുകളില്‍ പത്രോസും പറക്കില്ല ചേട്ടാ' ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
അടുത്ത ദിവസം ശവസംസ്‌കാര ചടങ്ങില്‍ മുഖ്യ കാര്‍മ്മികനായിരുന്ന ബിഷപ്പ് ഡോമിനിക്ക് കോക്കാട്ട് , റോമില്‍ ഒരു മൂലയില്‍ ചെരുപ്പില്ലാതെ നില്‍ക്കുന്ന കുഞ്ഞേട്ടനെ ഓര്‍മ്മ വരുന്നുവെന്ന് തന്റെ പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ ചൂടന്‍ ചേട്ടന്‍ പറഞ്ഞത് ശരിയാണല്ലോ എന്നു ഞാനോര്‍ത്തു.
ആഗസ്റ്റ് 13 നായിരുന്നു ശവസംസ്‌കാരം. 2 മണിയോടെ ചെമ്മലമറ്റവും പല്ലാട്ടുകുന്നേല്‍ കുടുംബ പരിസരവും ജനസാന്ദ്രമായി.കുറച്ചു നേരത്തെ അവിടെയെത്തിയ ഞാന്‍ തലേന്ന് കണ്ട ചേട്ടനെ യാദൃശ്ചികമായി കണ്ടു. ഞാന്‍ ഒരു നല്ല കേള്‍ക്കാരനാണെന്ന് തോന്നിയതുകൊണ്ടാകാം അടുത്ത് വന്നു.
'എനിക്ക് കുറച്ച് കാര്യങ്ങള്‍കൂടി പറയാനുണ്ട് ആരോടെങ്കിലും പറഞ്ഞാലെ സമാധാനമാകൂ.' വളരെ ഗൗരവത്തോടെയാണ് ചേട്ടനിത് പറഞ്ഞത്.
'ചേട്ടാ നമുക്ക് അല്പ്പം മാറി നിന്ന് സംസാരിക്കാം' ഞാന്‍ പറഞ്ഞു.ഒരു ഒഴിഞ്ഞ മൂലയിലേക്ക് ഞങ്ങള്‍ മാറി നിന്നു.
'മിഷന്‍ലീഗിന്റെ യഥാര്‍ത്ഥ സ്ഥാപകനാരാണെന്നറിയാമോ?' ചേട്ടന്‍ ചോദിച്ചു.
'മാലിപ്പറമ്പില്‍ അച്ചനാണെന്നാ കേട്ടിരിക്കുന്നത്' ഞാന്‍ പറഞ്ഞു.
'ഇത്തിരി പുളിക്കും.........അച്ചന്‍ ഭരണങ്ങാനം പള്ളിയിലായിരുന്നപ്പോള്‍ ഒരു ദിവസം ഒരു പയ്യന്‍(കുഞ്ഞേട്ടന്‍) അച്ചന്റെ മുറിയിലേക്ക് കയറി വന്ന് നമുക്കൊരു വേദപ്രചാര സംഘമുണ്ടാക്കണമെന്ന് പറഞ്ഞു. ആളെ കൂട്ടിവരാന്‍ പറഞ്ഞ് പയ്യനെ അച്ചന്‍ മടക്കി അയച്ചു. അച്ചനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത ദിവസം തന്നെ ആ പയ്യന്‍ തന്റെ കൂട്ടുകാരേയും കൂട്ടി അച്ചന്റെ അടുത്തെത്തി. അച്ചനുള്‍പ്പെടെ ഏഴ് പേര്‍ ചേര്‍ന്ന് അന്ന് രൂപംകൊണ്ടതാണ് ചെറുപുഷ്പ മിഷന്‍ലീഗ്.' ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
' ചേട്ടാ ഈ അല്‍മായനെ എന്തിനുകൊള്ളാം. അവര്‍ പഠിപ്പിച്ചാല്‍ ശരിയാകാത്തതുകൊണ്ടാ അച്ചന്മാരേയും കന്യാസ്ത്രീകളേയും കോളേജിലും സ്‌കൂളിലും നിയമിക്കുന്നത്.അതുകൊണ്ടാ അരമനയും പള്ളിയും പുതിയ പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത്. പാരലല്‍ കോളേജ്, നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ്,നാടക സമിതി,ഗാനമേള ട്രൂപ്പ്,മിമിക്‌സ് ട്രൂപ്പ് എന്നു വേണ്ട സമീപ ഭാവിയില്‍ മീന്‍ കച്ചവടവും ഇറച്ചി വെട്ടും തുടങ്ങിയേക്കാം.' ചേട്ടനൊപ്പം ഞാനും കൂടി.
'ഒരു വേള കുഞ്ഞേട്ടന്‍ വല്ല അത്ഭുതവും കാട്ടി വാഴ്ത്തപ്പെട്ടവനോ വിശുദ്ധനോ ആയാല്‍ അതിന്റെ നേട്ടം ആര്‍ക്കാ ? പാലാ രൂപതയ്ക്ക് തന്നെ. അന്ന് കഞ്ഞേട്ടനെ അവര്‍ വിറ്റ് കാശാക്കും.' ഒരു ദീര്‍ഘനിശ്വാസത്തോടെ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.
(2009 സെപ്‌ററംമ്പര്‍ ലക്കം കിരണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) 

No comments:

Post a Comment